മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക സെന്റിനറി സമ്മേളന പ്രചാരണങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഇസ്സ കോഡ്’ ജില്ലാതല റാലികൾക്ക് മലപ്പുറം താനൂരിൽ വർണാഭമായ തുടക്കം. ജില്ലയിലെ 101 സെക്ടറുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഇസ്സ കോഡ് അംഗങ്ങളാണ് മാർച്ചിൽ പങ്കെടുത്തത്.
താനൂർ ഒട്ടുപുറം ഒ എച്ച് സി പരിസരത്തുനിന്ന് ആരംഭിച്ച റാലി താനൂർ ജംഗ്ഷനിലാണ് സമാപിച്ചത്. തുടർന്ന് താനൂർ ജംഗ്ഷനിൽ നടന്ന സമാപന പൊതുസമ്മേളനം എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. അബൂബക്കർ ടി ഉദ്ഘാടനം ചെയ്തു. സി കെ റാഷിദ് ബുഖാരി എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
സെന്റിനറി സമ്മേളനം ഉയർത്തുന്ന സന്ദേശങ്ങൾ പൊതു സമൂഹത്തിൽ പരിചയപ്പെടുത്തുകയും ചർച്ച ചെയ്യുകയുമാണ് ഈ ജില്ല തല ആശയ സഞ്ചാരങ്ങൾ. കഴിഞ്ഞ ഒരു നൂറ്റാണ്ടിന്റെ ചരിത്രവും പാരമ്പര്യവും പേറുന്ന സമസ്ത സാമൂഹിക പ്രധാനമായ ഒട്ടനവധി മുന്നേറ്റങ്ങളാണ് നടത്തിയതെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. ഈ ലക്ഷ്യത്തിൽ മുഴുവൻ ജില്ലകളിലും സെപ്തംബർ അവസാന വാരങ്ങളിൽ ആയാണ് എസ്.എസ്.എഫിന്റെ നേതൃത്വത്തിൽ ഇസ്സ കോഡ് റാലികൾ വിഭാവനം ചെയ്തിരിക്കുന്നത്.
സെക്ടറിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ നിശ്ചിത കോഡിലുള്ള വേഷവിധാനങ്ങളോടെ ആണ് റാലിയിൽ പങ്കെടുക്കുന്നത്. സംസ്ഥാന വ്യാപകമായി 25,000 പേരടങ്ങുന്ന ‘സെന്റിനറി ഇസ്സ കോഡ്’ വിംഗിനാണ് എസ് എസ് എഫ് രൂപം നൽകിയിട്ടുള്ളത്. സെക്ടറുകളിൽ 33 അംഗങ്ങൾ വീതമുള്ള സംഘങ്ങളായും ഡിവിഷൻ ഹെഡുകളുടെയും ജില്ലാ പ്രൈം, രണ്ട് ചീഫുമാരുടെയും കീഴിൽ കൃത്യമായ പരിശീലനങ്ങളും പഠനങ്ങളും മാർച്ചുകളും പൂർത്തിയാക്കി നിശ്ചിത കോഡിലുള്ള വേഷവിധാനങ്ങളോടെ ആണ് ഈ സംഘം അണിനിരക്കുക.
ജില്ലാ റാലികളുടെ ഭാഗമായി മുഴുവൻ ജില്ലകളിലെയും ഇസ്സ കോഡ് അംഗങ്ങൾ ഉലമാഇനെയും അവരുടെ പ്രകാശമാനമായ സംശുദ്ധ ജീവിത മാതൃകകളെയും പഠിക്കുന്ന വ്യത്യസ്തമായ സെഷനുകളും സാമൂഹികമായ പ്രചാരണ ക്യാമ്പയിനുകളും നടത്തുന്നു. ഇത്തരം പരിപാടികൾക്ക് പ്രാദേശികമായും കേരളത്തിന്റെ സാമൂഹിക മണ്ഡലത്തിൽ നിന്നും വലിയ സ്വീകരണമാണ് ലഭിക്കുന്നത്.
അടുത്ത ആഴ്ചകളിൽ നടക്കുന്ന മറ്റു ജില്ലകളുടെ ആശയ സഞ്ചാരം ജില്ലാ റാലികളുടെ സെന്റിനറി പ്രചാരണങ്ങൾ അതിന്റെ പാരമ്യത്തിൽ എത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. സംഘടനയുടെ 18 സംഘടനാ ജില്ലകളിൽ വിവിധ തീയതികളിലാണ് ഇസ്സ കോഡ് റാലികൾ ക്രമീകരിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ കാസർകോട് (സെപ്റ്റംബർ 26), തൃശൂർ, കോഴിക്കോട് സൗത്ത് (സെപ്റ്റംബർ 27), വയനാട് (ഒക്ടോബർ 02), മലപ്പുറം ഈസ്റ്റ്, കണ്ണൂർ (ഒക്ടോബർ 04) എന്നീ ജില്ലകളിലും റാലികൾ നടക്കും.



