തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല അറബിക് വകുപ്പും ഐ.പി.ബി ബുക്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന ‘സീറത്തുന്നബി’ ദേശീയ അക്കാദമിക് കോൺഫറൻസ് നാളെ (ഒക്ടോബർ 24) നടക്കും. സർവകലാശാല സെമിനാർ ഹാളിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
രാജ്യത്തെ വിവിധ സർവകലാശാലയിൽ നിന്നുള്ള 60 ലധികം വിദ്യാർഥികൾ പ്രബന്ധം അവതരിപ്പിക്കും.കോൺഫറൻസിന്റെ ഉദ്ഘാടന സെഷനിൽ കാലിക്കറ്റ് സർവകലാശാല ഭാഷാ-സാഹിത്യ വിഭാഗം ഡീൻ ഡോ. ആർ.വി.എം. ദിവാകരൻ ഉദ്ഘാടനം നിർവഹിക്കും. അറബിക് വകുപ്പ് മേധാവി ഡോ. അലി നൗഫൽ കെ. അധ്യക്ഷത വഹിക്കും.
ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ സെന്റർ ഫോർ വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ് പ്രൊഫസറും ഡയറക്ടറുമായ പ്രൊഫ. ഹുമയൂൺ അക്തർ നസ്മി മുഖ്യാതിഥിയായി പങ്കെടുക്കും. കാലിഫോർണിയ സർവകലാശാലയിലെ ഫുൾബ്രൈറ്റ് സ്കോളർ ഡോ. മുഹമ്മദ് റോഷൻ നൂറാനി പ്രബന്ധാവതരണം നടത്തും.
അറബിക് വിഭാഗം പ്രൊഫസർ ഡോ. ടി.എ. അബ്ദുൽ മജീദ് ആശംസാ പ്രസംഗം നിർവഹിക്കും. മുനവ്വിർ അമാനി പുറത്തീൽ, സി.എം. ജാഫർ അലി, മുനീർ അഹ്സനി ഒമ്മല എന്നിവർ സംസാരിക്കും.



