വിദ്യാർഥികളുടെ ഭാവി നിർണയിക്കുന്ന മത്സരപരീക്ഷകളിൽ ആവർത്തിച്ചുണ്ടാകുന്ന ചോദ്യപ്പേപ്പർ ചോർച്ചകളും ക്രമക്കേടുകളും പരീക്ഷാ റദ്ദാക്കലുകളും രാജ്യത്തിന്റെ പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യതയെ ഗുരുതരമായി തകർത്തിരിക്കുകയാണെന്ന് എസ് എസ് എഫ് ‘ഹ്യൂമൻ ലൈബ്രറി’യിൽ പ്രമേയം. നീണ്ട തയ്യാറെടുപ്പുകൾക്ക് ശേഷം പരീക്ഷയെഴുതുന്ന ലക്ഷക്കണക്കിന് വിദ്യാർതഥികളുടെ ഭാവിയെ ഭരണപരമായ വീഴ്ചകൾക്ക് വിട്ടുകൊടുക്കുന്ന സാഹചര്യം അതീവ ആശങ്കാജനകമാണെന്ന് സംഗമം വിലയിരുത്തി.
വിദ്യാർഥികളുടെ കരിയർ വളർച്ചയ്ക്ക് ആവശ്യമായ നൈപുണ്യ വികസനവും പ്രൊഫഷണൽ പഠനകാലത്തെ മാനസിക സമ്മർദ്ദങ്ങളെ അതിജീവിക്കാനുള്ള ആത്മവിശ്വാസവും പകർന്നുനൽകിയാണ് കൊല്ലത്ത് സംഘടിപ്പിച്ച ‘ഹ്യൂമൻ ലൈബ്രറി’ സമാപിച്ചത്. കേരള സ്റ്റാർട്ടപ്പ് മിഷൻ സി ഇ ഒ അനൂപ് അംബിക പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ആധുനിക ലോകത്ത് കരിയർ വിജയത്തിന് അക്കാദമിക യോഗ്യതകൾക്കൊപ്പം പ്രായോഗിക നൈപുണ്യങ്ങൾ വികസിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് അനൂപ് അംബിക ഓർമ്മിപ്പിച്ചു.
കരിയർ വെല്ലുവിളികളെയും പഠനകാലത്തെ മാനസിക സമ്മർദ്ദങ്ങളെയും വിദ്യാർത്ഥികൾ ഒറ്റയ്ക്ക് ചുമലിലേറ്റേണ്ടതില്ലെന്നും, ഒരു മികച്ച ലേണേഴ്‌സ് കൂട്ടായ്മയിലൂടെ അതിനെയെല്ലാം വിജയകരമായി മറികടക്കാൻ സാധിക്കുമെന്നും ബോധ്യപ്പെടുത്തുന്നതായിരുന്നു ഹ്യൂമൻ ലൈബ്രറിയിലെ വിവിധ സെഷനുകൾ.
എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീർ അഹ്ദൽ തങ്ങൾ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബാസിം നൂറാനി സ്വാഗതം ആശംസിച്ച ചടങ്ങിൽ എൻ ഐ ടി കാലിക്കറ്റിലെ റിസർച്ച് സ്കോളർ സ്വാബിർ സഖാഫി ആമുഖ ഭാഷണം നടത്തി. വിദ്യാർഥികളുമായി സംവദിക്കാനും അവർക്ക് വഴികാട്ടാനുമായി വെഫി ഡയറക്ടർ ഡോ. മുഹമ്മദ് നിയാസ് കെ, ഷമീർ കൊല്ലം, ആഷിക് അഹ്സനി എന്നിവർ സംസാരിച്ചു.
കരിയർ ഗൈഡൻസ്, വ്യക്തിത്വ വികസനം, മെന്റൽ വെൽനസ് എന്നിവ മുൻനിർത്തി വിദഗ്ധർ നയിച്ച സംവാദങ്ങൾ വിദ്യാർത്ഥികൾക്ക് പുതിയ കാഴ്ചപ്പാടുകൾ സമ്മാനിച്ചു. മൂസ നവാസ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി. പരിപാടിയിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പ്രൊഫഷണൽ കാമ്പസ് വിദ്യാർത്ഥികൾ പങ്കെടുത്തു.



