കേരളത്തിൻ്റെ സാമൂഹിക പരിസരങ്ങളിൽ കഴിഞ്ഞ നൂറ് വർഷങ്ങളായി നിറഞ്ഞുനിൽക്കുന്ന പേരാണ് സമസ്ത. മനുഷ്യരോടൊപ്പം ചേർന്നുനിന്ന ആ നൂറ് കാലങ്ങളെ ലോകം ആഴത്തിൽ ചർച്ച ചെയ്യുന്ന സമയമാണിപ്പോൾ. തിരുനബിയോർ(സ്വ) എഴുതിച്ചേർത്തുനൽകിയ ജീവിതപദ്ധതികളാണ് സമസ്തയുടെ അടിയാധാരം. ആ ആശയങ്ങൾ സമഗ്രമാണ്. ഏത് സമൂഹത്തിലും വെറുപ്പോ പിളർപ്പോ പടരാതെ, മനുഷ്യരെ തമ്മിൽ അകറ്റാതെ, കുഴപ്പങ്ങൾ സൃഷ്ടിക്കാതെ, ഒഴുകുന്ന സമഗ്രമായ നദീമുഖം.
സമൂഹത്തെപ്പറ്റി എപ്പോഴും ആലോചിക്കുന്ന, അവരുടെ നന്മ മാത്രം അജണ്ടയായ, ജീവകാരുണ്യ പ്രവർത്തനങ്ങൾ കർമനാഡിയായ മിടിപ്പുകളാണ് ഈ പ്രസ്ഥാനത്തിന്റെ കാതൽ. വിശുദ്ധ ഖുർആൻ സമൂഹത്തിന് നന്മകൾ സ്വാംശീകരിച്ചെടുക്കാൻ ഇവിടെ ഒരുത്തമ സമുദായം ഉണ്ടാകേണ്ടതിന്റെ അനിവാര്യത പറയുന്നുണ്ട്. മക്കയും മദീനയും പ്രകാശഗോപുരങ്ങളായ തിരുനബി(സ്വ) ശിഷ്യർ സഞ്ചരിച്ചെത്തിയ ആഗോള ദേശങ്ങളും ഹൃദയം ശുദ്ധിയാക്കിയ മനുഷ്യരെ ലോകത്തിന് പരിചയപ്പെടുത്തി. അവർ ലോകത്തെ വിശുദ്ധിയിലേക്ക് നടത്തി.
അല്ലാഹുവിൻറെ ദൂതരുടെ(സ്വ) പ്രിയഅനുചരർ കേരളത്തിലും വന്നു. ജീവിക്കുന്ന ഇസ്ലാമിനെ പഠിപ്പിച്ചു. ആ മധുരവൃക്ഷത്തണലിലേക്ക് ആയിരങ്ങൾ, ആയിരങ്ങൾ തണൽ തേടിയെത്തി . ആ മനുഷ്യർ ജീവിതത്തിൽ അതുവരെ തൊട്ടുകൂടാതിരുന്ന തണുപ്പ് തൊട്ടു. ചരിത്രം നമ്മുടെ മുന്നിലുണ്ട്. നമുക്ക് വായിക്കാം.
കേരളത്തിലേക്ക് പുണ്യനേതൃത്വങ്ങൾ വന്നുകൊണ്ടിരുന്നു. അവർ പൊന്നാനിയുടെ, കേരളനാടിന്റെ വിളക്കായി. ഓരോ കാലത്തിന്റെയും വിളിയാളം കേട്ട് അവർ ഇസ്ലാമിനെ ഹൃദ്യമായി അവതരിപ്പിച്ചു. അവരുടെ പരമ്പരയിൽ സമസ്ത പിറന്നു. മനുഷ്യരുടെ ഹൃദയം തൊടുന്ന സമഗ്രസഞ്ചാരം ദേശങ്ങൾ കടന്നു.
വിശപ്പിന് മുന്നിൽ നോക്കുകുത്തികളായവർ, അക്ഷരങ്ങൾ അകലെ സ്വപ്നങ്ങളായ കുട്ടികൾ, കണ്ണീരിന്റെ ഉപ്പ് പുരണ്ട അനാഥ ജീവിതങ്ങൾ, സമസ്ത എത്രയെത്ര ഹൃദയങ്ങളിലാണ് പച്ചപ്പ് നട്ടത്. ഇസ്ലാമിൻ്റെ സുന്ദരമായ ആശയ വഴികളിൽ അച്ചാരം വാങ്ങി അഴുക്കുപുരട്ടാൻ ഇറങ്ങിയവർക്ക് മുന്നിൽ സമസ്ത പിളരാത്ത കോട്ടയായി. യഥാർത്ഥ വിശ്വാസം ഒട്ടും ചോരാതെ അങ്ങനെ അതിൻ്റെ ചുവടുകൾ തുടർന്നു. ഇന്ന് ആ യാത്ര എത്ര ദൂരങ്ങൾ താണ്ടി. പോയകാലത്തിന് ചൂട്ടായ എത്രയോ മനുഷ്യർ സമസ്തയുടെ ഹൃദയത്തിലുണ്ട്. അവരുടെ തിളങ്ങുന്ന സ്മരണകൾ കൂടിയാണ് ഈ നേരം.
ലോകരാജ്യങ്ങളിൽ ഇപ്പോൾ സമസ്തയുടെ വിളക്ക് തെളിയുന്നു. ആ മനോഹര ദൃശ്യം വായിക്കേണ്ടതാണ്. ഇന്ന് സമസ്തയുടെ പിറന്നാൾ ദിനം. ആ വായനയ്ക്ക് മധുരം കൂടും



