SSFKERALA
HomeAbout UsNewsBlogsCampaignsEventsVideosGalleryDownloadsDonate
President
March 24, 2026
2 min read

ഇസ്ലാമിക ഇക്കോ-തിയോളജിയുടെ പാഠങ്ങൾ

ഇസ്ലാമിക ഇക്കോ-തിയോളജിയുടെ പാഠങ്ങൾ
Author
സയ്യിദ് മുനീറുൽ അഹ്ദൽ

പ്രപഞ്ചത്തിന്റെ ജൈവികതാളം തുടിച്ചുനിൽക്കുന്ന ആദിമമൂലകമാണ് ജലം. ജലത്തെക്കുറിച്ചുള്ള ഇസ്‌ലാമിക വിചാരങ്ങളുടെ അകം കേവലമൊരു ഉപഭോഗവസ്തു എന്ന നിലയിലല്ല; ‘അമാനത്ത്’ അഥവാ ഓരോ വ്യക്തിയിലും ഉൾച്ചേരുന്ന ഉന്നതമായ ഉത്തരവാദിത്വബോധത്തിലാണ് . ആധുനികലോകം നേരിടുന്ന കടുത്ത ജലക്ഷാമത്തിന്റെയും കാലാവസ്ഥാ വ്യതിയാനങ്ങളുടെയും പശ്ചാത്തലത്തിൽ, ഭൂമിയുടെ അതിജീവനത്തിനായുള്ള രാഷ്ട്രീയം ഓരോ മനസ്സുകളിലും രൂപപ്പെടേണ്ടത് അനിവാര്യമാണ്.

ആത്മീയശുദ്ധീകരണത്തിനുള്ള ജലവിനിയോഗം ഒരു പ്രതീകാത്മകമായ അച്ചടക്കമാണ്. പ്രവാചകൻ മുഹമ്മദ് നബി(സ്വ) ഒരു മുദ്ദ് വെള്ളം കൊണ്ട് വുളു(അംഗസ്നാനം) ചെയ്തിരുന്നുവെ ന്നത് ആ അച്ചടക്കത്തിൻ്റെ ഏറ്റവും സൂക്ഷ്മമായ പ്രയോഗമാണ്. ഏകദേശം 650 മില്ലി ലിറ്ററേ വരൂ അത്. വുളൂഅ് ചെയ്യുന്നതിലൂടെ നാം ജലത്തെ തൊടുന്നത് ഒരു പവിത്രമായ ആചാരമായാണ്. ഈ ആചാരം ഓരോ വിശ്വാസിയെയും ജലത്തിൻ്റെ മൂല്യത്തെക്കുറിച്ച് ദിനേന അഞ്ചുതവണ ബോധവാനാക്കുന്നു. പള്ളികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആധുനികമായ വാട്ടർ റീസൈക്ലിങ് സംവിധാനങ്ങൾ നടപ്പിലാക്കുക വഴി, വുളുവിന് ശേഷം പുറന്തള്ളുന്ന ജലം ശുദ്ധീകരിച്ച് കൃഷിക്കോ മറ്റ് ആവശ്യങ്ങൾക്കോ ഉപയോഗിക്കുന്ന മാതൃകാപരമായ ആലോചനകൾ സാധ്യമാകണം.

ജലം ഒരു സ്വകാര്യ സ്വത്തല്ലെന്നും സാർവത്രികമായ അവകാശമാണെന്നുമാണ് മതത്തിൻ്റെ നിലപാട്. “മനുഷ്യർ മൂന്ന് കാര്യങ്ങളിൽ പങ്കാളികളാണ്; ജലം,പുല്ല് ,തീ” എന്ന പ്രവാചകവചനം വിഭവങ്ങളുടെ വികേന്ദ്രീകരണത്തെയും പൊതുമുതലിന്മേലുള്ള തുല്യാവകാശത്തെയുമാണ് വിഭാവനം ചെയ്യുന്നത്. ആധുനിക കാലത്ത് വൻ കിട കോർപ്പറേറ്റുകൾ ജലസ്രോതസ്സുകൾ കൈയടക്കുകയും ജലത്തെ കച്ചവടച്ചരക്കാക്കി മാറ്റുകയും ചെയ്യുമ്പോൾ, പൊതു ഉടമസ്ഥതാ സിദ്ധാന്തം എന്ന കൃത്യമായ പ്രതിരോധമാണ് ഇസ്‌ലാം സാധിക്കുന്നത്. ജലസ്രോതസ്സുകളുടെ സ്വകാര്യവൽക്കരണത്തെ തടയുകയും അവയെ ജനകീയമാക്കുകയും ചെയ്യുക എന്നത് ഒരു വിശ്വാസിയുടെ രാഷ്ട്രീയ ഉത്തരവാദിത്വമായി മാറുന്നു. പ്രകൃതിക്ക് നേരെയുള്ള കടന്നു കയറ്റത്തെ സ്രഷ്ടാവിൻ്റെ വ്യവസ്ഥകളോടുള്ള വെല്ലുവിളിയായി കാണുന്ന ജാഗ്രതയുടെ ഒരു ഇക്കോ-തിയോളജിയാണ് ഇസ്‌ലാം ശീലിപ്പിക്കുന്നത്. വഖ്ഫ്സമ്പ്രദായം (ഇസ്‌ലാമിക നിയമപ്രകാരം മതപരമോ ജീവകാരുണ്യപരമോ ആയ കാര്യങ്ങൾക്കായി സ്ഥിരമായി വിട്ടുനൽകപ്പെട്ട സ്വത്ത്)

ലോകത്തിലെ തന്നെ ആദ്യത്തെ സുസ്ഥിര ജലമാനേജ്‌മെൻ്റ് മാതൃകകളിൽ ഒന്നാണ്. പൊതുജനങ്ങൾക്കായി കിണറുകൾ കുഴിക്കുന്നതും തോടുകൾ നിർമിക്കുന്നതും സ്വദഖതുൻ ജാരിയയെന്ന നിലക്കാത്ത പുണ്യങ്ങളായാണ് പ്രവാചകൻ(സ)പരിചയപ്പെടുത്തിയത്. ഈ ആശയത്തെ വിപുലീകരിച്ചുകൊണ്ട് റെയിൻ വാട്ടർ ഹാർവെസ്റ്റിംഗ്, നദീപുനരുദ്ധാരണം പോലുള്ള ആലോചനകൾ നടക്കണം.

പള്ളികളും മദ്രസകളും പൊതു സ്ഥാപങ്ങളുമെല്ലാം കേന്ദ്രീകരിച്ച് ജലസംരക്ഷണസേനകൾ രൂപീകരിക്കുന്നതും പ്രാദേശികമായ ജല സ്രോതസ്സുകളെ മലിനീകരണത്തിൽ നിന്ന് സംരക്ഷിക്കുന്നതും ഉന്നതമായ ഒരു ആരാധനാകർമമായി ഇസ്‌ലാം വിലയിരുത്തുന്നു. ജല മലിനീകരണത്തെ അതീവ ഗൗരവത്തോടെ പ്രതിരോധിക്കുകയും ശക്തമായ താക്കീത് നൽകുകയും ചെയ്യുന്ന പ്രവാചകരെ നമ്മൾ ചരിത്രത്തിൽ കാണുന്നുണ്ട്. ജലാശയങ്ങൾ മലിനപ്പെടുത്തുന്നതും പൊതുസ്ഥലത്ത് എത്ര ചെറുതാണെങ്കിൽ പോലും മാലിന്യം നിക്ഷേപിക്കുന്നത് വിശ്വാസിയുടെ ശീലമല്ല. അത്തരം പ്രവൃത്തികളിൽ ജാഗ്രതക്കുറവുള്ളവർക്ക് വിശ്വാസം ഒരു പുറന്തോട് മാത്രമാണ്. അത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളെ ഒരർഥത്തിലും ന്യായീകരിക്കാൻ മനുഷ്യരുടെയും പ്രപഞ്ചത്തിൻ്റെയും വിശുദ്ധ മതത്തിന് കഴിയില്ല.

അദൃശ്യമായ ജലവിനിയോഗത്തെക്കുറിച്ച് (Virtual Water) പുതിയ കാലത്ത് ഗൗരവമായ ചർച്ചകൾ ആവശ്യമാണ്. നാം ഉപയോഗിക്കുന്ന ഓരോ ഉൽപ്പന്നത്തിനും പിന്നിൽ വൻതോതിൽ ജലം വിനിയോഗിക്കപ്പെടുന്നുണ്ട്. അമിതമായ ഉപഭോഗസംസ്കാരം ഉപേക്ഷിക്കുന്നതിലൂടെ മാത്രമേ ജലത്തെ യഥാർഥത്തിൽ സംരക്ഷിക്കാൻ കഴിയൂ എന്ന് തിരിച്ചറിയണം. മിതത്വം എന്നത് വിശ്വാസിയുടെ സ്വഭാവ മൂല്യത്തെ സവിശേഷമാക്കുന്ന സൗന്ദര്യമായി ഇസ്‌ലാം പരിചയപ്പെടുത്തിയത് അതുകൊണ്ടാണ്. കേവലം ഗ്ലാസിലെ വെള്ളത്തിൽ മാത്രമല്ല, ജീവിതശൈലിയിൽ ഉടനീളം പാലിക്കപ്പെടേണ്ട ഒന്നാണത്. ആവശ്യമുള്ളത് മാത്രം വാങ്ങുകയും ഉപയോഗിക്കുകയും ചെയ്തു ശീലിച്ചവർക്ക് ധാരാളിത്തത്തിൻ്റെയും അഹംഭാവത്തിൻ്റെയും അധികഭാരങ്ങൾ ഉണ്ടാവില്ല. വിഭവങ്ങൾ വലിച്ചെറിയാനുള്ളതല്ലെന്നും അവയ്ക്ക് പുനരുപയോഗസാധ്യതകൾ ഉണ്ടെന്നും തിരിച്ചറിയാൻ അപ്പോൾ സാധിക്കും.

ജലസമ്പന്നതയിൽ നിന്ന് ജലസൂക്ഷ്മതയിലേക്കുള്ള നടത്തമാണ് വിശ്വാസിയുടെ ജലവിചാരങ്ങൾ. ജലത്തെ സ്രഷ്ടാവിൻ്റെ വെളിപാടായി കാണുന്ന ഒരു തലമുറയ്ക്ക് മാത്രമേ വരും തലമുറയ്ക്കായി ഭൂമിയെ വാസയോഗ്യമായി ബാക്കിവെക്കാൻ കഴിയൂ. വിഭവങ്ങൾ വെറും ആസ്തിയല്ല, അതൊരു ഉത്തരവാദിത്വമാണെന്ന തിരിച്ചറിവാണ് ഇസ്‌ലാമിക ജലദർശനത്തിൻ്റെ കാതൽ.

Share this article
More Articles

More Articles

View All →
അലിഫിൽ നിന്ന് പ്രകാശത്തിലേക്ക്: മദ്രസകളുടെ പ്രകാശയാത്ര
President
സയ്യിദ് മുനീറുൽ അഹ്ദൽ •Mar 31, 2026

അലിഫിൽ നിന്ന് പ്രകാശത്തിലേക്ക്: മദ്രസകളുടെ പ്രകാശയാത്ര

അലിഫിൽ നിന്ന് പ്രകാശത്തിലേക്ക്: മദ്രസകളുടെ പ്രകാശയാത്ര

മനുഷ്യാവകാശം നിതാന്ത ജാഗ്രതയാണ് വേണ്ടത്
President
സയ്യിദ് മുനീറുൽ അഹ്ദൽ •Dec 11, 2025

മനുഷ്യാവകാശം നിതാന്ത ജാഗ്രതയാണ് വേണ്ടത്

‘നിങ്ങളുടെ രക്തം, നിങ്ങളുടെ സമ്പാദ്യം, നിങ്ങളുടെ അഭിമാനം- എല്ലാം പരസ്പരം പവിത്രവും നിർഭയവുമാണ്.’ ആധുനിക ലോകത്ത് മനുഷ്യാവകാശങ്ങൾക്കായി എഴുതപ്പെട്ട ആദ്യ ഉടമ്പടിയുടെ നൂറ്റാണ്ടുകൾക്ക് മുൻപേ, മനുഷ്യ ചരിത്രത്തിൻ്റെ സാമൂഹിക ബന്ധങ്ങളെ മനോഹരമായി പുതുക്കിപ്പണിത സമഗ്രമായ അവകാശ പ്രഖ്യാപനം. ചരിത്രത്തിലെ ആ വിടവാങ്ങൽ …

നീറ്റ് ക്രമക്കേട്; അറിവിനു മുകളിൽ പുതിയ തരം ഫ്യൂഡലിസം
General Secretary
ഡോ. അബൂബക്കർ ടി•May 12, 2026

നീറ്റ് ക്രമക്കേട്; അറിവിനു മുകളിൽ പുതിയ തരം ഫ്യൂഡലിസം

പരീക്ഷയ്ക്ക് മുൻപേ ചോദ്യപേപ്പർ ചോരുകയും ലക്ഷങ്ങൾ വാങ്ങി അത് വിതരണം ചെയ്യുകയും ചെയ്തു. പരീക്ഷാ കേന്ദ്രങ്ങളിലെ സമയനഷ്ടം എന്ന സാങ്കേതിക കാരണം പറഞ്ഞ് 1563 വിദ്യാർത്ഥികൾക്ക് എൻ.ടി.എ ഏകപക്ഷീയമായി ഗ്രേസ് മാർക്ക് നൽകി. ഇതിൻ്റെ കൃത്യമായ മാനദണ്ഡം ഇന്നും വ്യക്തമല്ല. ഈ …