പൊതുജനാരോഗ്യ മാതൃകകളെക്കുറിച്ച് നാം വാചാലരാകുമ്പോഴും
ആ സംവിധാനത്തിന്റെ ചാലകശക്തിയായ നഴ്സിംഗ് സമൂഹത്തോടുള്ള നമ്മുടെ സമീപനം അങ്ങേയറ്റം പ്രതിലോമകരവും ജനാധിപത്യവിരുദ്ധവുമാണ്.
ലോകത്തിന്റെ ഏത് കോണിലും മലയാളി നഴ്സുമാരുടെ കാര്യക്ഷമതയും ആർദ്രതയും വാഴ്ത്തപ്പെടുമ്പോഴും,
സ്വന്തം മണ്ണിൽ അവരനുഭവിക്കുന്ന അസ്വസ്ഥപ്പെടുത്തുന്ന അദൃശ്യവൽക്കരണവും ആസൂത്രിതമായ അവഗണനയും ഭീകരമാണ്. ആഗോളതലത്തിൽ ഹൈ-സ്കിൽഡ് പ്രൊഫഷണൽ ആയി അംഗീകരിക്കപ്പെട്ട ഒരു ജനതയെ സ്വന്തം മണ്ണിൽ വെറും സേവനവേലക്കാരായി (Service Labor) ചുരുക്കിക്കാണുന്ന ഒരു തരം സാംസ്കാരിക വൈരുദ്ധ്യമാണ് നമ്മുടെ സാമൂഹിക നിലവാരം.നമ്മുടെ നാട്ടിൽ അതൊരു രണ്ടാംകിട സേവനമായി തരം താഴ്ത്തപ്പെടുകയാണ്.
ആതുര ശുശ്രൂഷയെ ‘മാലാഖ’ എന്ന അതിഭാവുകത്വമുള്ള ആത്മീയ പരിവേഷത്തിൽ തളച്ചിടുന്നത് യഥാർത്ഥത്തിൽ അവരുടെ പ്രൊഫഷണൽ അവകാശങ്ങളെയും അധ്വാന മൂല്യത്തെയും അവർക്ക് ലഭിക്കേണ്ട നിയമപരമായ സുരക്ഷയെയും അർഹമായ വേതനത്തെയും അട്ടിമറിക്കാനുള്ള ബോധപൂർവ്വമായ ഒരു തന്ത്രമായി മാറുന്നുണ്ടോ എന്ന സംശയങ്ങൾക്ക് ന്യായമായും ഇടമുണ്ടിപ്പോൾ.
അർപ്പണബോധത്തിന്റെ പേരിൽ അധ്വാന ചൂഷണത്തെ ന്യായീകരിക്കുന്ന ഭരണകൂട യുക്തികൾക്ക് മുന്നിൽ പലപ്പോഴും അവർക്ക് തെരുവിലിറങ്ങി സമരം ചെയ്യേണ്ടി വരുന്നു എന്നത് കേരളത്തിലേതു പോലോത്ത ഒരു ജനാധിപത്യ സമൂഹത്തിന് അപമാനകരമാണ്.
നഴ്സുമാരുടെ നൈപുണ്യത്തെയും അവരുടെ സാമൂഹിക മൂല്യത്തെയും തിരിച്ചറിയാത്ത ഒരു സമൂഹം ആരോഗ്യപരമായ വികാസം പ്രയാസമായ ജനതയാണെന്ന് പറയേണ്ടി വരും.
വികസിത രാജ്യങ്ങളിൽ ഒരു നഴ്സ് എന്നത് ക്ലിനിക്കൽ തീരുമാനങ്ങളിൽ പങ്കാളിയാകുന്ന, ഉയർന്ന ബൗദ്ധിക നിലവാരമുള്ള സ്വതന്ത്ര പ്രൊഫഷണലായി പരിഗണിക്കപ്പെടുമ്പോൾ,
നമ്മുടെ നാട്ടിൽ അവർ ഇപ്പോഴും ഒരു ഹൈറാർക്കിയുടെ ഏറ്റവും താഴെത്തട്ടിലുള്ള നിർദ്ദേശാനുസാരികൾ മാത്രമായി ഒതുക്കപ്പെടുന്നു.
നഴ്സുമാരുടെ സമരങ്ങളെ കേവലം ഒരു വൈകാരികമായ പ്രശ്നമായി മാത്രം കണ്ടു പോകേണ്ടതല്ല എന്നാണ് പറഞ്ഞു വരുന്നത്,മറിച്ച് ഗൗരവകരമായ ചില പ്രായോഗിക ഇടപെടലുകൾ ആവശ്യപ്പെടുന്ന ഒന്നാണ്.
നഴ്സിംഗ് എന്നത് കേവലം ഒരു പാരമെഡിക്കൽ ജോലിയായി മാത്രം കാണുന്ന സമീപനം മാറണം. ഉയർന്ന വൈദഗ്ധ്യം ആവശ്യമുള്ള ഒന്നാണെന്ന് അതിനെ ഉൾക്കൊള്ളാൻ കൂടി നാം സന്നദ്ധമാകണം. നമ്മുടെ നാട്ടിലെ നഴ്സുമാർ വിദേശത്തേക്ക് പാലായനം ചെയ്യുന്നത് കേവലം സാമ്പത്തിക മെച്ചം ലക്ഷ്യമിട്ടല്ല, മറിച്ച് തങ്ങൾ പഠിച്ച വിദ്യയ്ക്ക് അർഹമായ ബഹുമാനവും സ്വതന്ത്രമായി ജോലി ചെയ്യാനുള്ള അന്തരീക്ഷവും ആഗ്രഹിച്ചുകൂടിയാണ്. ഈ പാലായനം കുറക്കാൻ ഹൈ-പ്രൊഫഷണൽ ഇൻസെന്റീവ് സ്കീമുകളെക്കുറിച്ചാണ് ആലോചിക്കേണ്ടത്. വികസിത രാജ്യങ്ങളിലെ മാതൃകയിൽ നഴ്സിംഗ് സ്പെഷ്യലൈസേഷനുകൾക്ക് അനുസൃതമായ ക്ലിനിക്കൽ ഗ്രേഡിംഗ് നടപ്പിലാക്കുകയും സർക്കാർ-സ്വകാര്യ മേഖലകളിൽ തുല്യമായ അന്തസ്സുള്ള വേതനഘടന ഉറപ്പുവരുത്തുകയും വേണം.
അമിതമായ ജോലിഭാരം നഴ്സുമാരുടെ ശാരീരികക്ഷമതയെ മാത്രമല്ല, അതിനെക്കാൾ, ചികിത്സയുടെ ഗുണനിലവാരത്തെയാണ് ബാധിക്കുന്നത്. ശാസ്ത്രീയമായ രീതിയിലുള്ള നഴ്സ്-പേഷ്യന്റ് അനുപാതം നിയമപരമായി നിർബന്ധമാക്കുകയും അത് ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുകയും വേണം.
തൊഴിലിടങ്ങളിൽ നഴ്സുമാർ നേരിടുന്ന ശാരീരികവും മാനസികവുമായ അതിക്രമങ്ങളെ പ്രതിരോധിക്കാൻ ആശുപത്രികളിൽ കൃത്യമായ സുരക്ഷാ ഓഡിറ്റുകൾ നടത്തേണ്ടതുണ്ട്. ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള അക്രമങ്ങളെ തടയാൻ നിലവിലുള്ള നിയമങ്ങൾ കൂടുതൽ കർക്കശമാക്കുന്ന തരത്തിലുള്ള സുരക്ഷാ ഓഡിറ്റും ലീഗൽ ഫ്രെയിംവർക്കും സാധ്യമാകണം.
ആരോഗ്യ നയങ്ങൾ രൂപീകരിക്കുന്ന ഉന്നതതല സമിതികളിൽ നഴ്സിംഗ് പ്രൊഫഷണലുകളുടെ പ്രാതിനിധ്യം ഉറപ്പാക്കണം. ആധുനിക ആശുപത്രികളിൽ ഒരു വിഭാഗം നഴ്സുമാർ കേവലം ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരായി മാറുന്ന ഒരു സാഹചര്യം നിലവിലുണ്ട്. യന്ത്രവൽകൃതമായ ഈ തൊഴിൽ സാഹചര്യം അവരെ രോഗികളിൽ നിന്നും സാന്ത്വനത്തിന്റെ മാനുഷിക സ്പർശത്തിൽ നിന്നും അകറ്റുന്നു. ഡിജിറ്റൽ ജോലികൾക്കായി പ്രത്യേക സംവിധാനങ്ങൾ ചെയ്ത്,
നഴ്സുമാരുടെ ക്ലിനിക്കൽ വൈദഗ്ധ്യം രോഗീപരിചരണത്തിനായി പൂർണ്ണമായും ഉപയോഗിക്കാനുള്ള സാഹചര്യം ഒരുക്കണം. ചികിത്സാ രംഗത്തെ തീരുമാനങ്ങൾ എടുക്കുന്ന പ്രക്രിയയിൽ അവരുടെ അക്കാദമിക് വൈദഗ്ധ്യത്തെ കൂടി പരിഗണിക്കുന്നത് വഴി നിലവിലുള്ള ഡോക്ടർ-സെൻട്രിക് അധികാരഘടനയെ കൂടുതൽ ജനാധിപത്യവൽക്കരിക്കാൻ സാധിക്കും.
നിശബ്ദമായ ഈ അതിജീവന സമരങ്ങളെ കേവലം ശമ്പളവർദ്ധനവിനുള്ള മുറവിളികളായി മാത്രം കാണാതെ, ഒരു ആധുനിക സമൂഹത്തിന്റെ നീതിബോധത്തിന്റെ ഉരകല്ലായി കാണാൻ നമുക്ക് കഴിയണം. കാരുണ്യത്തിന്റെ ഭാഷയല്ല, മറിച്ച് അന്തസ്സുള്ള തൊഴിൽ സാഹചര്യവും അർഹമായ സാമൂഹിക പദവിയുമാണ് അവരോടുള്ള നമ്മുടെ യഥാർത്ഥ നീതി.



