അറിവിനേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന അസംബന്ധങ്ങളുടേതാണ് നമ്മുടെ സമകാലം. അറിവിന്റെ ഉല്പാദനവും വിനിമയവും അധികാരബന്ധിതമായിരുന്ന കാലത്തുനിന്നും, അൽഗോരിതങ്ങളുടെ തടവുപുരകളിലേക്ക് മാറിപ്പാർത്തതിൻ്റെ ഭീകരമായ അപകടങ്ങളുടേത്. അപ്പോൾ, സത്യം എന്നത് ഒരു ദർശനമല്ലാതാവുകയും, പകരം വിപണിയിൽ വിറ്റഴിക്കാവുന്ന ഒരു ചരക്കായി അപനിർമ്മിക്കപ്പെടുകയും ചെയ്യുന്നു. അർത്ഥശൂന്യമായ വാക്കുകളും കൃത്രിമമായി നിർമ്മിക്കപ്പെട്ട വൈകാരികതയും ചേർത്ത് വിളമ്പുന്ന ഈ വിഭവങ്ങൾ വായനക്കാരന്റെ ചിന്താശേഷിക്കു മേൽ നടത്തുന്നത് ഒരു തരം അധീശത്വമാണ്. മാധ്യമങ്ങൾ സത്യത്തെ തേടുന്നതിനു പകരം, സത്യത്തെ സംബന്ധിച്ച വ്യാജപ്രതീതികളെ നിരന്തരം പുനരുല്പാദിപ്പിക്കുകയാണ് ചെയ്യുന്നത്. വിവേകത്തെ മുറിച്ചു കടക്കുന്ന വിവരങ്ങളുടെ ഈ വിപര്യയത്തെയാണ് ഈ വർഷത്തെ രിസാല കാലം വിചാരണ ചെയ്യുന്നത്.
ബൗദ്ധികമായ സത്യസന്ധതയില്ലാത്ത എല്ലാ ഉള്ളടക്കങ്ങളും സമൂഹത്തിൽ വിതയ്ക്കുന്നത് അപകടകരമായ നിശബ്ദതയോ അല്ലെങ്കിൽ അന്ധമായ വെറുപ്പോ ആണ്. സത്യത്തിന്റെ ബഹുസ്വരവും വിപുലവുമായ സാധ്യതകളെ ഏകമാനമായ വിപണി മൂല്യത്തിലേക്ക് ചുരുക്കുന്ന ഈ അശ്ലീലം,
മാധ്യമ നൈതികതയുടെ അതിഭയാനകരമായ തകർച്ചയെയാണ് മുഖാമുഖം കാണുന്നത്. ഒരു വാർത്തയുടെ മൂല്യം നിർണ്ണയിക്കേണ്ടി വരുന്നത്, അതിന്റെ വസ്തുതയ്ക്കുമപ്പുറം മറിച്ച് അത് എത്രത്തോളം വൈകാരിക പ്രക്ഷോഭങ്ങൾ സൃഷ്ടിക്കുന്നു എന്നതിലേക്ക് ചുരുങ്ങുമ്പോൾ ജനാധിപത്യത്തിന്റെ സംവേദനക്ഷമതയാണ് അവിടെ തകരുന്നത്.
മാധ്യമങ്ങൾ വായനക്കാരനെ കേവലം ഒരു ഉപഭോക്താവ് ആയി കാണുന്നിടത്താണ് സ്ലോപ്പുകൾ ജനിക്കുന്നത്. വിവരങ്ങളെ ഉപഭോഗവസ്തുക്കളായി മാത്രം കാണുന്ന കമ്പോളയുക്തിയെ നിരാകരിക്കുകയും അറിവിനെ മനുഷ്യന്റെ ആത്മസാക്ഷാത്കാരത്തിനുള്ള ഉപാധിയായി വീണ്ടെടുക്കുകയും ചെയ്യേണ്ടതുണ്ട്. സ്ലോപ്പുകളുടെ ഈ ചതുപ്പിൽ നിന്ന് വിവേകത്തിന്റെ നിലവാരത്തിലേക്ക് നമ്മുടെ ബോധത്തെ നയിക്കാൻ ബൗദ്ധികമായ ജാഗ്രത കൊണ്ടേ കഴിയൂ. ലളിതവൽക്കരണത്തിന്റെ കെണികളിൽ വീഴാതെ, സങ്കീർണ്ണമായ യാഥാർത്ഥ്യങ്ങളെ അതിന്റെ ഗൗരവത്തിൽ തന്നെ സമീപിക്കുവാനുള്ള സവിശേഷമായ കാഴ്ചയാണ് നമുക്കുണ്ടാകേണ്ടത്.
ഉപരിപ്ലവമായ ബിംബങ്ങളെയും യന്ത്രനിർമ്മിതമായ വ്യാജലഹരികളെയും നിരാകരിക്കാൻ നമുക്ക് കഴിയണം.
അറിവ് എന്നത് ആയാസമില്ലാതെ വിഴുങ്ങേണ്ട ഒന്നല്ല, മറിച്ച് നിരന്തരമായ അന്വേഷണത്തിലൂടെയും ആത്മവിമർശനത്തിലൂടെയും ആർജ്ജിക്കേണ്ട ഒന്നാണെന്ന ബോധ്യം തിരിച്ചുപിടിക്കണം. വിവേകത്തിന്റെ തെളിച്ചമുള്ള ഒരിടം വീണ്ടെടുക്കുക എന്നത് കേവലം ഒരു ആഗ്രഹം മാത്രമായി അവശേഷിക്കരുത്.
നമ്മുടെ കാലഘട്ടത്തോടുള്ള ഏറ്റവും വലിയ ഉത്തരവാദിത്തമാണത്.
ആ അർത്ഥത്തിൽ, No More Slop എന്നത് വെറുമൊരു മുദ്രാവാക്യത്തിനുമപ്പുറത്ത്, വിവേകപൂർണ്ണമായ ഒരു പ്രതിരോധമാണ്. നമുക്ക് വേണ്ടത് വിരൽത്തുമ്പിലെ വേഗതയല്ല, മറിച്ച് ചിന്തകളിലെ തെളിമയാണ്. വേഗത്തിലോടുന്ന കാലത്തിന് നഷ്ടപ്പെടുന്ന ജീവിതത്തിൻ്റെ മൂല്യത്തെയും അനുഭവങ്ങളുടെ പച്ചയെയും കുറിച്ച് പരിവേദനം കൊണ്ടത്,
മിലൻ കുന്ദേരയാണ്.
പരിഭ്രാന്തമായി ഓടുന്ന കാലത്തെ നോക്കിയിരുന്നാണ് കുന്ദേര സ്ലോവ്നെസ് എന്ന നോവലെഴുതിയത്.
അധികാര കേന്ദ്രങ്ങളോട് അപ്രിയസത്യങ്ങൾ വിളിച്ചുപറയാനുള്ള ആർജ്ജവം നഷ്ടപ്പെട്ട മാധ്യമ പരിസരത്ത്, ഒരു ബദൽ രാഷ്ട്രീയത്തിന്റെ ആലോചന നിർവ്വഹിക്കാനുള്ള നട്ടെല്ലാണ് രിസാലക്കുള്ളത്.
ആൾക്കൂട്ടത്തിന് ആവശ്യമുള്ളതല്ല, മറിച്ച് ഒരു സമൂഹത്തിന്റെ ആത്മീയവും ബൗദ്ധികവുമായ നവീകരണത്തിന് അനിവാര്യമായതാണ് വിനിമയം ചെയ്യപ്പെടേണ്ടതെന്ന ബോധ്യമാണത് പ്രകാശിപ്പിക്കാൻ ശ്രമിക്കുന്നത്. വേഗതയെക്കാൾ ആഴത്തിനും, ലാഭത്തെക്കാൾ നൈതികതയ്ക്കും മുൻഗണന നൽകുന്ന ഒരു ധൈഷണികമായ വിപ്ലവമാണത്. കേവലമായ അറിവ് വിതരണത്തിനപ്പുറം, നുണകളെയും പാതിസത്യങ്ങളെയും വിചാരണ ചെയ്യുന്ന ബൗദ്ധിക പ്രതിരോധ കേന്ദ്രങ്ങളായി ഓരോ വ്യക്തികളും രൂപാന്തരപ്പെടണം. നിഷ്ക്രിയ ഉപഭോക്താവിൽ നിന്നും സജീവമായ ഒരു വിമർശകനായി പരിണമിക്കുമ്പോഴാണ് സ്ലോപ്പുകളുടെ ഈ സാമ്രാജ്യം തകരുന്നത്. സ്വേച്ഛാധിപത്യത്തിന് ഏറ്റവും അനുയോജ്യമായ മണ്ണ് സത്യത്തെയും അസത്യത്തെയും വേർതിരിക്കാനാവാത്ത ജനതയാണ് എന്ന ഹന്ന ആരെന്റിന്റെ വാക്കുകൾ നമ്മുടെ കാലത്തെ സംബന്ധിച്ച ഒരു മുന്നറിയിപ്പാണ്.



