SSFKERALA
HomeAbout UsNewsBlogsCampaignsEventsVideosGalleryDownloadsDonate
General Secretary
July 22, 2026
2 min read

ഫെഡറലിസത്തിന്റെ മരണപ്പത്രങ്ങൾ

ഫെഡറലിസത്തിന്റെ മരണപ്പത്രങ്ങൾ
Author
ഡോ. അബൂബക്കർ ടി

ഫെഡറലിസത്തിന്റെ മരണപ്പത്രങ്ങൾ വിദ്യാഭ്യാസം കേവലമൊരു അക്കാദമിക പ്രക്രിയ മാത്രമല്ലെന്നും സമൂഹത്തിന്റെ ചരിത്രപരമായ ബോധത്തെയും ജനാധിപത്യ മൂല്യങ്ങളെയും രൂപപ്പെടുത്തുന്ന സാംസ്കാരിക അടിത്തറയാണെന്നുമുള്ളത് ഒരു ജനാധിപത്യ സമൂഹത്തിന് ഉണ്ടായിരിക്കേണ്ട ഏറ്റവും മിനിമം രാഷ്ട്രീയ ജാഗ്രതയാണ്. അധികാര കേന്ദ്രീകരണത്തിന്റെ പുതിയ കാലത്ത്, ഈ അടിത്തറയെത്തന്നെയാണ് കേന്ദ്ര ഭരണകൂടം ലക്ഷ്യംവെക്കുന്നത്. പാഠ്യപദ്ധതി നിർണയത്തിലും വിദ്യാഭ്യാസ നയങ്ങളിലും സംസ്ഥാനങ്ങൾക്കുള്ള സ്വയംഭരണാവകാശം സംരക്ഷിക്കപ്പെടുമെന്ന ഭരണാധികാരികളുടെ ശുഷ്കമായ വാദങ്ങൾ, വരാനിരിക്കുന്ന വഞ്ചിക്കപ്പെടാൻ പോകുന്നവന് മുന്നിലേക്ക് ഭിക്ഷയായി എറിഞ്ഞുകൊടുക്കുന്ന അവസാനത്തെ അപ്പക്കഷ്ണമാണ്.

ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ (VBSA) ബിൽ അത്ര നിഷ്‌കളങ്കമാണെന്ന് സമകാല ഇന്ത്യയുടെ രാഷ്ട്രീയ ജാതകം അറിയുന്നവരാരും വിശ്വസിക്കുന്നില്ല. കേവലമൊരു ഭരണ പരിഷ്‌കരണത്തിനപ്പുറത്ത്, ഇന്ത്യൻ ഫെഡറലിസത്തിന്റെ മേൽ പതിക്കുന്ന ശക്തമായ പ്രഹരമാണത്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനങ്ങൾക്കുണ്ടായിരുന്ന പരിമിതമായ അധികാരങ്ങളെപ്പോലും ഇല്ലാതാക്കിക്കൊണ്ട്, വികേന്ദ്രീകരണത്തിന്റെ എല്ലാ സാധ്യതകളെയും റദ്ദ് ചെയ്യാനാണിത് ശ്രമിക്കുന്നത്.

യു ജി സി, എ ഐ സി ടി ഇ തുടങ്ങിയ ഭരണഘടനാപരമായ സ്വയംഭരണ സ്ഥാപനങ്ങളെ വിഴുങ്ങിക്കൊണ്ട് രൂപപ്പെടുന്ന ഏകീകൃത നിയന്ത്രണ സംവിധാനം, ജനാധിപത്യത്തിന്റെ ബഹുസ്വരതയെ തകർക്കാനുള്ള ഗൂഢശ്രമമാണ്. വിജ്ഞാന ഉത്പാദനം ബ്യൂറോക്രസിയുടെയും ഏകപക്ഷീയമായ രാഷ്ട്രീയ തീരുമാനങ്ങളുടെയും കീഴിലേക്ക് ചുരുങ്ങുമ്പോൾ നഷ്ടപ്പെടുന്നത് അക്കാദമിക സമൂഹത്തിന്റെ സ്വതന്ത്ര ചിന്തയാണ്. റെഗുലേഷൻ, അക്രഡിറ്റേഷൻ, ഫണ്ടിംഗ് എന്നിവയെല്ലാം ഒരൊറ്റ കേന്ദ്രീകൃത അധികാര കേന്ദ്രത്തിലേക്ക് വരുമ്പോൾ സർവകലാശാലകൾ ഭരണകൂടത്തിന്റെ വിനീത വിധേയരായി മാറും. സ്വതന്ത്രമായ ഗവേഷണങ്ങളും പ്രാദേശികമായ സാംസ്കാരിക തനിമകളെ ഉൾക്കൊള്ളുന്ന കോഴ്സുകളും ഇനിയൊരു വിദൂര സ്വപ്നമായി മാറിയേക്കാം.

ഈ അധികാര കേന്ദ്രീകരണത്തിന്റെ പിന്നിൽ കൃത്യമായ രണ്ട് അജണ്ടകളുണ്ട്; ഒരിടത്ത് സാംസ്കാരിക ദേശീയതയുടെ പ്രത്യയശാസ്ത്ര അധിനിവേശവും, മറുപുറത്ത് ആഗോള കോർപ്പറേറ്റ് മൂലധനത്തിന്റെ താല്പര്യങ്ങളും. വിജ്ഞാനത്തെ വിപണി ചരക്കാക്കി മാറ്റാൻ ആഗ്രഹിക്കുന്ന കോർപ്പറേറ്റുകൾക്കും, മനുഷ്യന്റെ ചിന്താശേഷിയെ മെരുക്കാൻ ആഗ്രഹിക്കുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിനും ഒരേപോലെ താല്പര്യമുള്ള ഒന്നാണ് ഏകീകൃത നിയന്ത്രണം. ചരിത്രത്തെ തിരുത്തിയും ശാസ്ത്രബോധത്തെ തമസ്കരിച്ചും തങ്ങൾക്കനുകൂലമായ ഒരു തലമുറയെ വാർത്തെടുക്കാൻ വൈസ് ചാൻസലർ പദവികൾ മുതൽ പാഠപുസ്തകങ്ങൾ വരെ അവർ കാവിവൽക്കരിക്കും.

സംസ്ഥാന സർക്കാരുകൾ സ്വന്തം അധികാരപരിധി നഷ്ടപ്പെടുന്നത് നോക്കിനിൽക്കുന്ന കേവല സാക്ഷികളായി മാറുമ്പോൾ, നമ്മൾ തിരിച്ചറിയേണ്ടത് ജനാധിപത്യത്തിന്റെ കാവലാളാകേണ്ടത് ജനത തന്നെയാണ് എന്നതാണ്. പ്രത്യാഘാതം അനുഭവിക്കേണ്ടിവരുന്നത് വരുംതലമുറയാണ്,രാജ്യം തന്നെയാണ്.ഈ സാംസ്കാരിക അധിനിവേശത്തിനെതിരെ കേവല പ്രതിഷേധത്തിനപ്പുറം, ആഴത്തിലുള്ള പ്രതിരോധ ചിന്തകളും ജനകീയ കൂട്ടായ്മകളും ഉയർന്നുവരേണ്ടത് പുതിയ കാലത്തിൻ്റെ രാഷ്ട്രീയ അനിവാര്യതയാണ്.

Share this article
More Articles

More Articles

View All →
നമുക്കിപ്പോഴും ഭരണപക്ഷം ഇല്ല, ‘രണ്ടു പ്രതിപക്ഷം’ മാത്രം
General Secretary
ഡോ. അബൂബക്കർ ടി•Jul 10, 2026

നമുക്കിപ്പോഴും ഭരണപക്ഷം ഇല്ല, ‘രണ്ടു പ്രതിപക്ഷം’ മാത്രം

ജൂലൈ 7 ന് വയനാട് കള്ളാടിയിൽ, ആനക്കാംപൊയിൽ–കള്ളാടി തുരങ്കപാത നിർമാണം നടക്കുന്നിടത്ത് ഒരു മലയിടിഞ്ഞു. കാണാതായവരുടെയും മരണപ്പെട്ടവരുടെയും വാർത്തകൾ വന്നു. തൊഴിലാളികളെ കൊണ്ടുവന്ന ബസ് മണ്ണിനടിയിൽ ഒലിച്ചുപോയി. ബിഹാറിൽ നിന്നും ഹിമാചൽ പ്രദേശിൽ നിന്നും ജീവിതം തേടിയെത്തിയ അതിഥി തൊഴിലാളികളാണ് മണ്ണിനടിയിൽ …

കുട്ടികളുടെ പഠനാവകാശം ഭരണപരമായ സൗകര്യത്തിന് വേണ്ടി മാറ്റിവെക്കാമോ?
General Secretary
ഡോ. അബൂബക്കർ ടി•Jul 7, 2026

കുട്ടികളുടെ പഠനാവകാശം ഭരണപരമായ സൗകര്യത്തിന് വേണ്ടി മാറ്റിവെക്കാമോ?

സെൻസസ് എന്നത് രാജ്യത്തിന് അനിവാര്യമായ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് എന്നത് ശരിതന്നെ. പക്ഷേ ആ ഉത്തരവാദിത്തം നിറവേറ്റാൻ, ഒരു തലമുറയുടെ വിദ്യാഭ്യാസം ബലികൊടുക്കേണ്ടി വരുന്നത് ആസൂത്രണത്തിന്റെ പരാജയമല്ലാതെ മറ്റെന്താണ്? സെൻസസ് ജോലികൾക്കായി സ്‌കൂൾ അധ്യാപകരെ കൂട്ടത്തോടെ നിയോഗിച്ചതോടെ പ്രൈമറി വിദ്യാലയങ്ങളിലെ അധ്യയനം പൂർണമായും …

പുസ്ത‌കം കൈയിലെടുക്കൂ, അതൊരു രാഷ്ട്രീയ സമരമാണ്
General Secretary
ഡോ. അബൂബക്കർ ടി•Jun 19, 2026

പുസ്ത‌കം കൈയിലെടുക്കൂ, അതൊരു രാഷ്ട്രീയ സമരമാണ്

ഫാരൻഹീറ്റ് 451 എന്ന പുസ്തകം എഴുതിയത് റേ ബ്രാഡ്ബറിയാണ്. പുസ്തകങ്ങൾ വായിക്കുന്നത് നിരോധിച്ച ഒരു ഭാവികാല സമൂഹത്തിലെ ഫയർമാൻ ആണ് മൊണ്ടാഗ്. പുസ്തകങ്ങൾ കണ്ടെത്തുകയും അവ കത്തിച്ചുകളയുകയുമാണ് ഭരണകൂടം നൽകിയ അയാളുടെ ജോലി. എന്നാൽ, യാദൃച്ഛികമായി ഒരു പുസ്തകം വായിക്കാൻ ഇടവരുന്നതോടെ …